28/05/2026
ആശംസകൾ അയക്കുന്നത് അവസാനിപ്പിക്കുക...
ഒരു ഫേക്ക് പേജ്, നിരന്തരം നുണകൾ മാത്രം പ്രചരിപ്പിക്കുന്ന ഒരു പ്രൊഫൈൽ. ഈ പ്രൊഫൈലിനെ കുറിച്ച് അന്യോഷിച്ചപ്പോൾ അമല, ജൂബിലി മാനേജ്മെൻ്റ് ഫണ്ട് ചെയ്യുന്ന, അവർക്ക് വേണ്ടി ഇല്ലാക്കഥകൾ മെനയുന്ന മറ്റൊരു നഴ്സിംഗ് സംഘടനയുടെ ഉടമസ്ഥതയിലുളള ,എന്നാൽ അത് പറയാനോ പരസ്യപ്പെടുത്താനോ ആദ്യം തയ്യാറാകാതിരുന്ന പ്രൊഫൈൽ.
എന്തായാലും എനിക്കൊരു CEO ആകാനും, അഡ്മിനിസ്ട്രേഷൻ നടത്താനും ക്രിത്യമായ കഴിവുണ്ടെന്ന് അംഗീകരിച്ചു നൽകിയതിൽ നന്ദിയും സ്നേഹവും അറിയിക്കട്ടെ.
2019 മുതൽ ഒരു സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന എനിക്ക് നിലവിൽ അവിടെ നിന്നും റിസൈൻ ചെയ്യേണ്ട യാതൊരു അവസ്ഥയുമില്ല എന്നത് അറിയിക്കട്ടെ. സംഘടനാ പ്രവർത്തനം തൊഴിലിനൊപ്പം കൊണ്ടുപോവുക എന്നതാണ് എൻ്റെ രീതി. ഒരു പാട് ഓഫറുകൾ എനിക്ക് ലഭിക്കുന്നുണ്ട് എന്നതിനർത്ഥം ഞാനവിടെയൊന്നും ജോലിക്ക് കയറാൻ പോകുന്നു എന്നല്ല. ജോലി ചെയ്യുന്ന സ്ഥലത്ത് സാറ്റിസ്ഫാക്ഷൻ ഇല്ലാതെ പോവുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ സംജാതമായാൽ മാത്രമാണ് അത്തരമൊരു ചിന്ത പോലും മനസിൽ കയറി കൂടുക. ഇത് രണ്ടും നിലവിൽ എൻ്റെ അജണ്ടയിലില്ല.
യുഎൻഎയുടെ ഉപജഞാതാവ് ഞാനായതിനാൽ ആ പ്രസ്ഥാനത്തിൻ്റെ ഒരു എളിയ പ്രവർത്തകനായി എന്നെ എന്നും കാണാം. ചിലപ്പോൾ നേത്യ സ്ഥാനങ്ങളിൽ ഉണ്ടാകില്ലെങ്കിലും എവിടെയും എൻ്റെ സാന്നിധ്യം ഉണ്ടാകും. സഹപ്രവർത്തകർക്ക് ഒരു പ്രശ്നം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ജീവനുള്ളിടത്തോളം ഞാനുണ്ടാകും.2011 - 2018 വരെ സംസ്ഥാന അധ്യക്ഷനായും, 2018-2026 വരെ അഖിലേന്ത്യാ കമ്മറ്റിയുടെയും, 2023-2026 വരെ ഇൻ്റെർനാഷണൽ കമ്മറ്റിയുടെയും അമരക്കാരനായി ചുമതല നിർവ്വഹിച്ചു. സംഘടനയെ ലോക നഴ്സിംഗ് സംഘടനകളുടെ മുന്നിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ലോകത്തെമ്പാടുമുള്ള നഴ്സിംഗ് സംഘടനകളുമായി അലയൻസ് ഇക്കാലയളവിൽ ഉണ്ടാക്കി.
ഞങ്ങൾ മറ്റൊരു നഴ്സിംഗ് സംഘടനയെ പരസ്യമായി കുറ്റം പറയുകയോ, സമരങ്ങളെ തള്ളിപ്പറയുകയോ, അനാവശ്യ ക്രഡിറ്റുകൾ അവകാശപ്പെടുകയോ ചെയ്യുന്നവരല്ല.മാത്യമല്ല ആര് അവകാശ പോരാട്ടങ്ങൾ നടത്തിയാലും അവരെ പിന്തുണക്കുക എന്നത് അത്യന്തമായ നിലപാടാണ്. അതിനാൽ തന്നെയാണ് യുഎൻഎക്ക് ഈ സ്വീകാര്യത ലഭിക്കുന്നത്.
2011 നവംബർ 16ന് ശേഷം ഞാൻ ഏറ്റ ആരോപണങ്ങൾക്കോ, വിമർശനങ്ങൾക്കോ കയ്യും കണക്കുമില്ല. ആരോപണങ്ങളെ പുഞ്ചിരിയോടെ കേൾക്കാനും, വിമർശനങ്ങളിൽ പോസ്റ്റീവ് ആയിട്ടുള്ളവയെ സ്വീകരിക്കാനും മറ്റുള്ളവയെ അവഗണിക്കാനും എനിക്ക് കഴിയും. ഗീബൽസിയൻ തിയറിയിൽ നുണകൾ ആവർത്തിച്ച് അതിൽ എന്തോ ഉണ്ടല്ലോ എന്ന് വരുത്തി തീർക്കാനും, മറ്റുളളവരിൽ സംശയം ജനിപ്പിക്കാനുമുളള ശ്രമങ്ങളും 15 വർഷമായി നടന്നു വരികയാണ്. ചില ബുദ്ധിശൂന്യർ അത് വിശ്വസിക്കാൻ സാധ്യതയുണ്ടെങ്കിലും മഹാഭൂരിപക്ഷവും എന്നെ നെഞ്ചോട് ചേർത്ത് നിർത്തിയിട്ടുണ്ട് കാലമിത്രയും.
വിമർശകരെയോ, എതിരാളികളെയോ തിരുത്താനോ, അവരോട് ഒരു ചർച്ചക്ക് പോലും ഞാൻ തയ്യാറല്ല. എന്നെ എങ്ങിനെ കാണുന്നുവോ അങ്ങിനെ തന്നെ കണ്ടാൽ മതി. ആരുടെ മുന്നിലും നല്ല പിള്ള ചമഞ്ഞ് അഭിനയിക്കാനും എന്നെ കിട്ടില്ല താനും. എന്നോട് എങ്ങിനെയാണോ അങ്ങിനെ തന്നെയാകും തിരിച്ചും.
ഇന്നലെയും ഇന്നുമായി 100 കണക്കിന് അഭിനന്ദന മെസേജുകൾ വന്നതിനാൽ മാത്രമാണ് ഇത് പറയുന്നത്. ഞാൻ തൊഴിലിടം വിട്ടു പോവുകയോ, മാറുകയോ, സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്യുമ്പോൾ പരസ്യമായി തന്നെ ഇവിടെ പറയും.
ഞാനൊരു സാധാരണ മനുഷ്യനാണ്, പക്ഷേ വെല്ലുവിളികൾ ഏറ്റെടുക്കാനും, പോരാട്ടം നടത്താനും കഴിയും. ഒരു മനുഷ്യൻ്റെതായ എല്ലാ ന്യൂനതകളും മറ്റുള്ളവരുടെ കണ്ണുകളിലൂടെ കാണുമ്പോൾ ഉണ്ടാകുന്നത് എന്നിലുണ്ടാകും. എൻ്റെ ശരികൾ, വഴികൾ, ബോധ്യങ്ങൾ എൻ്റെത് മാത്രമാണ്, അതിൽ തെറ്റുകളും, കുറവുകളും കാണുന്നവരോട് ഒരു പരാതിയും എനിക്കില്ല.
എന്നെ അവിശ്വസിക്കുന്നവരും, വെറുക്കുന്നവരും, ഇഷ്ടമില്ലാത്തവരും, സംശയമുളളവരും, അസൂയയുള്ളവരും, തകർക്കാർ ശ്രമിക്കുന്നവരും ഇവിടെയുണ്ട് എന്ന ബോധ്യം എനിക്കുണ്ട്. എന്നാൽ കളങ്കമില്ലാതെ എന്നെ ചേർത്ത് പിടിക്കുന്ന ആയിരങ്ങൾ കൂട്ടുകാരായും, സഹപ്രവർത്തകരായും എനിക്കുണ്ട്. അവരുടെ പിന്തുണയിൽ തന്നെ മുന്നോട്ട്.
നേരിൻ്റെ നാവ് എന്ന നുണ നാവിനോട്,
എനിക്ക് തരുന്ന നെഗറ്റീവ് പബ്ലിസിറ്റിക്ക് നന്ദി. തുടരുക. എന്നാൽ ഇടക്കിടക്ക് സ്വന്തം സംഘടനയുടെ പോസ്റ്റും, നിലപാടും ഇടുമ്പോൾ വലിയൊരു വിഭാഗം നിങ്ങൾക്കെതിരാവും. അത് സമരം ചെയ്യുന്നവർക്ക് വിനയാകും. പണ്ട് 24 ചാനലിൽ തമ്മിൽ തമ്മിൽ പരിപാടിയിൽ വന്നിരുന്ന് പറഞ്ഞ പോലെ. ഒന്നുകിൽ ആ സമര പോസ്റ്റുകൾ ഇടുന്നത് അവസാനിപ്പിച്ച് എന്നിൽ കേന്ദ്രീകരിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സംഘടനയുടെ സമരം വിജയിക്കുന്നത് വരെ ഞങ്ങളെ ആക്രമിക്കുന്നത് നിർത്തുക. പറഞ്ഞുവെന്ന് മാത്രം.😀😀😀
പ്രിയപ്പെട്ടവരെ,
എൻ്റെ ഓരോ നേട്ട വാർത്ത (യാഥാർത്ഥ്യമോ, അസത്യമോ ) കാണുമ്പോഴും, കേൾക്കുമ്പോഴും എന്നെ ചേർത്ത് നിർത്തുന്ന നിങ്ങളാണ് എൻ്റെ അസറ്റ്. Love you all...
Jasminsha Manthadathil
Jasmin Sha