04/11/2025
ഒരു വിദേശറിക്രൂട്ട്മെന്റ് തട്ടിപ്പാണോ എന്ന് ഏറ്റവും എളുപ്പത്തിൽ എങ്ങനെ അറിയാം?
𝘼 𝙑𝙚𝙧𝙮 𝙐𝙨𝙚𝙛𝙪𝙡 𝘼𝙧𝙩𝙞𝙘𝙡𝙚 𝙁𝙤𝙧 𝘼𝙡𝙡 𝙉𝙪𝙧𝙨𝙚𝙨 & 𝙋𝙖𝙧𝙖𝙢𝙚𝙙𝙞𝙘𝙖𝙡 𝙎𝙩𝙖𝙛𝙛..𝙀𝙫𝙚𝙧𝙮𝙗𝙤𝙙𝙮 𝙈𝙪𝙨𝙩 𝙍𝙚𝙖𝙙 & 𝙎𝙝𝙖𝙧𝙚 𝙋𝙡𝙚𝙖𝙨𝙚...
(അൽപ്പം വലിയ കുറിപ്പാണെങ്കിലും എല്ലാവരും ഇതൊന്ന് വായിക്കുക. നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. ഇത്തരം ഉപകാരപ്രദമായ കൂടുതൽ വിവരങ്ങൾക്കായി ഈ ഫേസ്ബുക്ക് പേജ് ഒന്ന് Like ചെയ്യുക. നിങ്ങളുടെ Nurse - Paramedical കൂട്ടുകാർക്കും ഈ പേജ് ഒന്ന് പരിചയപ്പെടുത്തുക. )
അഡ്വാൻസ് പേയ്‌മെന്റ് ഒരു രൂപ പോലും നൽകില്ല എന്നും വിസയും ടിക്കറ്റും വന്നു കഴിയുമ്പോൾ വിസ Genuine ആണോ എന്ന് വെരിഫൈ ചെയ്തിട്ട് മാത്രം എത്ര ലക്ഷം രൂപയാണെന്ന് വച്ചാൽ അത് തരാം എന്നും വെട്ടിത്തുറന്ന് അങ്ങ് പറഞ്ഞാൽ റിക്രൂട്ട്മെന്റ് തട്ടിപ്പ് ആണോ അല്ലയോ എന്നറിയാം. അല്ലാതെ അങ്ങനെ പറഞ്ഞാൽ വന്ന ചാൻസ് നഷ്ടപ്പെട്ടാലോ എന്ന് കരുതി ഏജൻസി ചോദിക്കുന്ന അഡ്വാൻസ് തുക കൊടുക്കുമ്പോഴാണ് നിങ്ങൾ തട്ടിപ്പിൽപ്പെടുന്നത്.
യാതൊരു കാരണവശാലും 1000 രൂപ പോലും അഡ്വാൻസ് ആയി കൊടുക്കരുത്.
വിശ്വാസ്യതയ്ക്ക് വേണ്ടി No Advance Payments എന്ന് പരസ്യമിടും. എന്നിട്ട് വിളിക്കുന്നവരോട് സർവീസ് ചാർജ് വിസ വന്നിട്ട് മതി എന്നും പക്ഷേ Registration Fees തുടക്കത്തിൽ അടയ്ക്കണം എന്നും പറഞ്ഞ് 5000 രൂപ മുതൽ 10000, 25000, 50000 രൂപ വരെയൊക്കെ വാങ്ങും. പിന്നെ ഏജൻസിയുടെ പൊടി പോലും ഉണ്ടാവില്ല..
മറ്റു ചിലർ രജിസ്ട്രേഷൻ ഫീസ് വാങ്ങില്ല. വിസ വന്നിട്ട് ക്യാഷ് മതി എന്നും പറയും. എന്നിട്ട് CV വാങ്ങും. Processing തുടങ്ങും. ഇടയ്ക്കിടെ നിങ്ങളുടെ വിളിച്ച് പ്രോസസ്സിംഗ് ആ സ്റ്റേജ് വരെയായി, ഈ സ്റ്റേജ് വരെ ആയി എന്നൊക്കെ അറിയിച്ചു കൊണ്ടിരിക്കും. വിശ്വാസ്യതയ്ക്കായി കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ഒറ്റ നോട്ടത്തിൽ കിടിലൻ എന്ന് തോന്നുന്ന ചില രേഖകളും അയച്ചു തരും. അങ്ങനെ 3-4 മാസം പോകും. എന്നിട്ട് വിളിച്ച് പോകാൻ തയ്യാറായി ഇരിക്കണം, കൂടി വന്നാൽ 2 മാസങ്ങൾക്കുള്ളിൽ വിസ വരും എന്ന് അറിയിക്കും. എന്നിട്ട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ വിളിച്ച് ഒരു നിശ്ചിത തുക അടയ്ക്കണം. ഇത് റീഫണ്ട് ചെയ്ത് കിട്ടുന്നതാണ്, പക്ഷേ ഇപ്പോൾ ഇത് അടച്ചാലേ വിസ പ്രോസസ്സ് ചെയ്യാൻ കഴിയൂ എന്നും അറിയിക്കും. ക്യാഷ് അടച്ചാൽ Within 2 weeks പറക്കാം എന്ന് പറയും.
പറയുന്നത് മുഴുവൻ സത്യമാണ് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ പാകത്തിൽ ആയിരിക്കും സംസാരം. എത്ര സൂക്ഷിക്കുന്ന ആളുകൾ ആയാലും ആ വാക്ചാതുരിയിൽ വീണ് പോകും. ക്യാഷ് കൊടുക്കും. കൊടുക്കുന്ന കാശ് പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ..
മറ്റു ചിലർ കുറച്ചുകൂടി ബുദ്ധിപൂർവ്വമായ തട്ടിപ്പാണ് നടത്തുന്നത്. No Advance Payments എന്ന് പരസ്യം ഇടും. ഒരു രൂപ പോലും അഡ്വാൻസ് ആയി തരേണ്ട എന്നും പറയും. ഇന്റർവ്യൂ കഴിഞ്ഞ് അത് പാസ്സായി ഓഫർ ലെറ്റർ കിട്ടിയാൽ മാത്രം പേയ്‌മെന്റ് ആദ്യഗഡു നൽകിയാൽ മതി എന്ന് പറയും. ഏത് രാജ്യത്തേക്കാണോ റിക്രൂട്ട്മെന്റ് എന്നതനുസരിച്ച് സായിപ്പോ അല്ലെങ്കിൽ അറബിയോ വന്ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഉറപ്പായും സെലക്ഷൻ കിട്ടുമെന്നതിൽ സംശയം വേണ്ടാ. വൈകാതെ കിടിലൻ ഓഫർ ലെറ്ററും തരും.
കാശ് കൊടുത്താൽ തട്ടിപ്പ് ഇന്റർവ്യൂ നടത്താൻ സായിപ്പിനെയും അറബിയേയും കിട്ടും. ഒരു കമ്പ്യൂട്ടറും പ്രിന്റ്രറും ഉണ്ടെങ്കിൽ ഏത് ഓഫർ ലെറ്റർ വേണമെങ്കിലും അടിക്കാം.. ഓഫർ ലെറ്റർ കിട്ടിക്കഴിയുമ്പോൾ 2 ലക്ഷം അല്ലെങ്കിൽ 5 ലക്ഷം രൂപ നൽകണം എന്നായിരിക്കും ഡിമാൻഡ്..
ഒരു റിക്രൂട്ട്മെന്റ് Genuine ആണെങ്കിൽ ഏജൻസി ഒരിക്കലും അഡ്വാൻസ് പേയ്‌മെന്റ് ചോദിക്കില്ല എന്നത് മനസിലാക്കുക.
No Advance Payments എന്ന് ഒരു പരസ്യത്തിൽ കണ്ടാൽ അവരെ വിളിക്കുമ്പോൾ വിസയും ടിക്കറ്റും വന്ന് കഴിഞ്ഞ് മാത്രമേ പേയ്‌മെന്റ് തരൂ എന്നും അതിന് മുൻപായി 1000 രൂപ പോലും തരില്ല എന്നും അതിന് തയ്യാറാണെങ്കിൽ മാത്രം പ്രോസസ്സിംഗ് തുടങ്ങിയാൽ മതി ഉറപ്പിച്ചങ്ങു പറഞ്ഞേക്കുക.
അഡ്വാൻസ് പേയ്‌മെന്റ് ആയി അത് ഇനി വെറും 5000 രൂപ ആണെങ്കിലും കൊടുക്കില്ല എന്ന് എല്ലാവരും അങ്ങ് തീരുമാനിച്ചാൽ ഈ നാട്ടിൽ യാതൊരുവിധ തട്ടിപ്പുകളും നടക്കില്ല.
നെതർലാൻഡ്സ്, ലക്‌സംബർഗ്, അയർലണ്ട്, കാനഡ, ഓസ്ട്രേലിയ, യുകെ, അയർലണ്ട്, സ്വീഡൻ, ഫിൻലാൻഡ് അങ്ങനെ ലോകത്തുള്ള സകലരാജ്യങ്ങളിലേക്കും Registered Nurse, Assistant Nurse, Care Giver പോലെയുള്ള ജോലികൾ ഉണ്ടെന്ന് കാണിച്ചുകൊണ്ട് ഗവണ്മെന്റ് അപ്രൂവ്ഡ് ആയിട്ടുള്ള Active RA ആയിട്ടുള്ള ഏജൻസികൾ പോലും വ്യാപകമായി പരസ്യങ്ങൾ നൽകുന്നുണ്ട്.
മുൻപ് പല വട്ടം പറഞ്ഞതുപോലെ വലിയ തുക അഡ്വാൻസ് വാങ്ങി ഒരു വർഷം പ്രോസസ്സിംഗ് ടൈം എന്നും പറഞ്ഞിട്ട് രണ്ട് കൊല്ലം കഴിയുമ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ റിക്രൂട്ട്മെന്റ് നടന്നില്ല എന്നും പ്രോസസ്സിംഗ് സംബന്ധമായ procedures നായി കുറച്ചു കാശ് ചിലവായിട്ടുണ്ട്, ബാക്കി റീഫണ്ട് ചെയ്യാം എന്നും പറഞ്ഞ് വാങ്ങിയ തുകയുടെ 70% അല്ലെങ്കിൽ 80% ഒക്കെ തിരിച്ചു തരുന്ന ഏർപ്പാടാണ് ലൈസൻസ് ഉള്ള ഏജൻസികൾ ഇവിടെ ചെയ്യുന്നത്.
10 ലക്ഷം വാങ്ങി രണ്ട് കൊല്ലം കഴിയുമ്പോൾ 7 ലക്ഷം അല്ലെങ്കിൽ 8 ലക്ഷം തിരിച്ചു കൊടുക്കും. 10 ലക്ഷം രൂപ രണ്ട് കൊല്ലങ്ങൾ കൊണ്ട് ചുരുങ്ങിയത് 12 ലക്ഷം ആകും. തിരിച്ചു കൊടുക്കുന്നത് 7 ലക്ഷം അല്ലെങ്കിൽ 8 ലക്ഷം!
രണ്ട് കൊല്ലങ്ങൾ കൊണ്ട് കൈ നനയാതെ നാലോ അഞ്ചോ ലക്ഷം ഉണ്ടാക്കിയ ഏജൻസിയും ഹാപ്പി.. പോയി എന്നുറപ്പിച്ച 10 ലക്ഷം രൂപയിൽ നിന്നും ഏഴോ എട്ടോ ലക്ഷം തിരിച്ചു കിട്ടിയ ഉദ്യോഗാർഥി Very Very Happy!
പൊലീസിൽ പരാതി കൊടുത്താൽ ഒന്നും തിരിച്ചു കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് ആരും ആ പണിക്ക് നിൽക്കുകയുമില്ല..
ഇനി കാശ് കൊടുത്തത് ലൈസൻസ് ഇല്ലാത്ത ഏജൻസിയാണെങ്കിൽ കൊടുക്കുന്ന കാശ് മൊത്തത്തിൽ അങ്ങ് പോയിക്കിട്ടും..
ഏജൻസികൾ അയച്ചു തരുന്ന പേപ്പറുകൾ ഒരിക്കലും കണ്ണടച്ചു വിശ്വസിക്കരുത്. ഏജൻസികൾ വ്യാജമായി ഉണ്ടാക്കി കൊടുത്ത COS വച്ച് വിസ അടിക്കാൻ കൊടുത്ത് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ലൈഫ് ടൈം Entry Ban ലഭിച്ച ധാരാളം നഴ്സുമാരുണ്ട്. മറ്റു ചിലർക്ക് 10 വർഷവും 5 വർഷവും ഒക്കെ ബാൻ ലഭിച്ചിട്ടുണ്ട്. അതായത് പിന്നീട് ഒരു Genuine ഏജൻസി വഴി ഒറിജിനൽ റിക്രൂട്ട്മെന്റ് വന്നാലും ജീവിതകാലത്ത് ആ രാജ്യത്തേക്ക് പോകാൻ കഴിയില്ല എന്നർത്ഥം.
അതുകൊണ്ട് ഒരു കാരണവശാലും ആർക്കും അഡ്വാൻസ് പേയ്‌മെന്റ് കൊടുക്കില്ല എന്നങ്ങു തീരുമാനിച്ചാൽ പിന്നെ നിങ്ങൾ ഒരിക്കലും തട്ടിപ്പിൽപെടാൻ പോകുന്നില്ല..